Monday, June 28, 2010

വഴിയരികിലെ അപരിചിത ...

എണ്‍പത്.. എണ്‍പത്തഞ്ചു.. കാറിന്‍റെ സ്പീഡോമീറ്ററില്‍ ഇങ്ങനെ മിന്നിമാഞ്ഞിരുന്നെങ്കില്‍ എന്നാലോചിച്ചു കൊണ്ട് വണ്ടി അമ്പതില്‍ വിട്ടു..  ഇലഞ്ഞിപ്പാറ വഴിയുള്ള ഈ റോഡ്‌ അധികമാര്‍ക്കും അറിയില്ല.. എന്‍റെ ഒരു പഴയ സുഹൃത്താണ് ഈ വഴി എനിക്ക് കാണിച്ചു തന്നത്.. കവലയില്‍ നിന്നും ഇടത്തേക്ക് പോകുന്ന ഒരു പൊളിഞ്ഞ റോഡുണ്ട്‌.. ഡ്രൈവര്‍ ഇടത്തേക്ക് നോക്കിയാല്‍ വണ്ടി തനിയെ വലത്തേക്ക് പോകുന്ന മാതിരി ഉള്ള റോഡ്‌.. എന്നാല്‍ രണ്ടു വളവു കഴിയുമ്പോള്‍ വണ്ടി അതിമനോഹരവും, വിശാലവുമായ വൃത്തിയായി ടാറിട്ട ഒരു റോഡിലെത്തും.. അതാണ്‌ ഈ റോഡ്‌.. 

ഉയര്‍ന്ന സ്പീഡില്‍ പോണം എന്ന ആഗ്രഹം വണ്ടിക്കു സാധിച്ചു കൊടുക്കുന്ന ഏക സ്ഥലം.. "ഇങ്ങേര്‍ക്ക് സ്പീഡില്‍ വിടാന്‍ പേടിയാണ് , പേടിത്തൊണ്ടന്‍" എന്ന സത്യം വണ്ടിയുടെ മനസ്സില്‍ ഉടലെടുക്കാതിരിക്കാന്‍, ഇടെക്കിടെ ഈ വഴി ഞാന്‍ വരാറുണ്ട്.. അങ്ങനെ സ്പീഡോമീറ്റര്‍ അറുപതിലേക്ക് മെല്ലെ പോകുന്നത് നോക്കി രസിക്കുന്നതിനിടെ ആണ് ഞാന്‍ അത് കണ്ടത്.. ഈ നീളന്‍ റോഡിന്‍റെ അറ്റത് വഴിയരുകില്‍,  കോളേജ് പിള്ളേര്‍ "ചരക്കെന്നും", ഓഫീസില്‍ പോകുന്നവര്‍ "പീസ്" എന്നും വിളിക്കുന്ന മട്ടിലൊരു ഐറ്റം നില്‍ക്കുന്നു.. വണ്ടി പെട്ടെന്ന് ഇരുപതിലെത്തി.. അതില്‍ പ്രതിഷേധിക്കുന്ന മട്ടില്‍ വണ്ടിയൊന്നു മുരണ്ടു.. വണ്ടിക്കെന്തറിയാം.. കല്യാണം കഴിച്ചതിനു ശേഷം പെണ്ണുങ്ങളെ നേരെ ചൊവ്വേ വായിനോക്കാന്‍ പോലും പറ്റില്ല.. "ഭാര്യ" എന്ന് പേരുള്ള ദൈവത്തിന്‍റെ കഴുകന്‍ കണ്ണുകള്‍ എപ്പോഴും എന്‍റെ മേലായിരിക്കും.. ഇത് പോലെ വല്ലപ്പോഴും മാത്രമാണ് ഒരു ചാന്‍സ് കിട്ടുന്നത്.. "ഹോ.. റോഡിനു കുറച്ചു കൂടി നീളമുണ്ടായിരുന്നെങ്കില്‍" .. അതിനിടക്ക് പുറകിലൊരു കിഴങ്ങന്‍ വാനിന്‍റെ  ഹോണടി.. കേറ്റിവിട്ടാല്‍ ഇവന്മാര്‍ എന്‍റെ വ്യൂ ബ്ലോക്ക്‌ ചെയ്യും.. ഹോണടി സഹിക്കാന്‍ വയ്യ.. "കേറി പോടെ".. എന്ന് സിഗ്നല്‍ കാണിച്ചു. അവന്മാര്‍ ഇരുപത്തഞ്ചിലാണ് പോകുന്നതെന്ന് തോന്നുന്നു.. ലവളെ കാണാന്‍ വയ്യ.. ഞാന്‍ നിര്‍ത്തി.. ഇവന്മാര്‍ പോട്ടെ.. എന്നിട്ട് പോകാം.. ബോണറ്റു തുറന്നു എന്തോ നോക്കും പോലെ അവിടെയും ഇവിടെയും തട്ടി രണ്ടു മിനിറ്റ് നിന്നു.. വാനിന്‍റെ ശബ്ദം ഒരു മുരളല്‍ മാത്രമായി.. "ഓ ഇതായിരുന്നോ പ്രശനം.." എന്നമട്ടില്‍ ഒരു മൂലേല്‍ കൈ കൊണ്ടൊന്നു തട്ടി.. ബോണറ്റു അടച്ചു..

"യ്യോ.."  .. ഞാന്‍ ഞെട്ടി ഒന്ന് പുറകിലേക്ക് മലച്ചു.. മറ്റേ ലവള്‍ ദേ എന്‍റെ പുറകില്‍.. വഴിയരുകിലെ ആലിന്‍റെ അടിയില്‍ നിന്നും അവള്‍ എന്‍റെ പിന്നിലേക്ക്‌ ഓടിയെത്തിയത് ഞാന്‍ കണ്ടില്ല.. അവളുടെ കണ്ണുകള്‍ കലങ്ങിയിരുന്നു.. ബ്ലൌസിന്റെ കൈ ലേശം കീറിയിരുന്നു.."ഇനി വല്ല പുതിയ ഫാഷനും ആയിരിക്കുമോ?" സാരിയുടെ അറ്റത് ചെളി പറ്റിയിരുന്നു.. "അപ്പൊ സംഭവം ഫാഷന്‍ അല്ല.."  


"സര്‍.. എനിക്ക് ലിറ്റില്‍ ഫ്ലവര്‍ ഹോസ്പിറ്റല്‍ വരെ ഒരു ലിഫ്റ്റ്‌ തരാമോ? അത് ഈ വഴിയുടെ അറ്റത്താണ്.. ഇത് വഴി ബസ്‌ ഒന്നും ഇല്ല.. പ്ലീസ്‌ എന്നെ ഒന്ന് സഹായിക്കണം..".. 


"വല്ല കള്ളിയും ആയിരിക്കോ.. ? പുലിവാലാകോ?"... ഇത് പോലൊരു പെണ്ണ് ലിഫ്റ്റ്‌ ചോദിച്ചിട്ട് കൊടുക്കാതിരുന്നാല്‍  എന്നെ ഞാന്‍ തന്നെ "മണ്ടാ" എന്ന് വിളിക്കും.. എന്നാലും എങ്ങനെ വിശ്വസിച്ചു കേറ്റും?.. മനുഷ്യസഹജമായ വിവേകവും, പുരുഷസഹജമായ ദുര്‍ബലതയും എന്‍റെ ഉള്ളില്‍ കിടന്നു പടവെട്ടി .. അവിടെയും സ്ത്രീ തന്നെ ജയിച്ചു.. 

"പിന്നെന്താ കയറിക്കോളൂ.. "..പുറകിലത്തേ സീറ്റില്‍ കയറുമോ എന്ന് ഒരു നിമിഷം ഭയന്നു.. ഇല്ല.. മുമ്പില്‍ തന്നെ കയറി.. 

ഞാന്‍: "ഇവിടെ പുതിയതാണോ? "


അവള്‍: "ങേ? "


ഞാന്‍: "അല്ല .. ഈ നാട്ടില്‍ പുതിയതാണോ? "


അവള്‍: "ഉം.. "


ഞാന്‍: "അത് ഈ വഴിയില്‍ കണ്ടത് കൊണ്ടാ.. ഇതിലെ അങ്ങനെ ആരും വരാറില്ല.. കവലയില്‍ നിന്നും ഈ റോഡ്‌ വഴി ബസ്‌ ഇല്ല.. കയറുന്ന  വഴി ചെറുതാണല്ലോ.."


അവള്‍ മറുപടിയൊന്നും പറഞ്ഞില്ല.. തല വെറുതേ ഒന്ന് കുലുക്കി.. ഒരു തൂവല എടുത്തു മുഖം മറച്ചു..  "ശെടാ.. ലിഫ്റ്റ്‌ ചോദിക്കാന്‍ കൊള്ളാം.. വല്ലോം ചോദിച്ചാല്‍ വന്‍ ജാഡ.. "... കാറിന്‍റെ കണ്ണാടി വെറുതേ ഒന്ന് അഡ്ജസ്റ്റ് ചെയ്തു.. ഒളികണ്ണിട്ടു അവളെ ഒന്ന് നോക്കി.. അവള്‍ കരയുകയാണ്.. ഞാന്‍ അപ്പോഴാണ്‌ ശ്രദ്ധിച്ചത്.. അവള്‍ കണ്ണാടിയോട് വളരെ ചേര്‍ന്ന്, ഇപ്പൊ പുറത്തേക്കു ചാടും എന്ന മട്ടിലാണ് ഇരുപ്പു.. 

ഞാന്‍: "ഹേയ്.. ഇങ്ങോട്ട് നീങ്ങി നേരെ ഇരിക്കൂ... വീഴരുത്.  ".. ഇങ്ങനെ പറഞ്ഞു അവളുടെ സൈഡിലെ ഡോര്‍ ലോക്ക് പ്രസ്‌ ചെയ്തു എന്നിട്ട് അവളുടെ കയ്യില്‍ പിടിച്ചു നേരെ ഇരുത്തി.. ... 


അവളുടെ കയ്യില്‍ തൊട്ട ആ നിമിഷം അവള്‍ ഡോറിന്‍റെ പിടിയില്‍ വലിച്ചു നിലവിളിക്കാന്‍ ത്തുടങ്ങി.. (ഭാഗ്യം ലോക്ക് ഇട്ടതു..)

"നിര്‍ത്തൂ.. എന്നെ വിടൂ.. പ്ലീസ്‌.. എനിക്ക് ഉടനെ ആ ഹോസ്പിറ്റലില്‍ എത്തണം.. "


ഞാന്‍ പകച്ചു... വണ്ടി നിന്നു... കാരണം.. ഞാന്‍ തെറ്റായ ഒരു ചിന്തയോട് കൂടിയേ അല്ല കയ്യില്‍ പിടിച്ചത്.. പിന്നെ ഇങ്ങനെ നിലവിളിക്കാന്‍ മാത്രം ഞാന്‍ ഒന്നും ചെയ്തില്ല.. കയ്യില്‍ തൊടുന്നതിനു മുമ്പ് തന്നെ അവളുടെ ഒച്ച ഉയര്‍ന്നിരുന്നു...


"ഹേയ്.. കുട്ടീ.. എന്തിനാണ് നീ ഒച്ച വെക്കുന്നെ.. സീറ്റില്‍ നേരെ ഇരിക്കാന്‍ മാത്രേ ഞാന്‍ പറഞ്ഞുള്ളൂ.. എന്തിനാണ് നീ ഇങ്ങനെ നിലവിളിച്ചേ? എന്താ തന്‍റെ പ്രശ്നം?..നിന്‍റെ ഈ പെരുമാറ്റം കണ്ടു സത്യത്തില്‍ ഞാനാണ് പേടിക്കേണ്ടത്.. നിന്നെ പോലൊരു കുട്ടിയെ ഞാന്‍ എന്ത് ധൈര്യത്തില്‍ വണ്ടിയില്‍ ഇരുത്തും??... (അവളുടെ ചെളിപുരണ്ട വസ്ത്രത്തിലേക്ക്‌ നോക്കി )  എന്താ കുട്ടിക്ക് പറ്റിയെ...?? കുട്ടി എങ്ങനെ ഇവിടെ വന്നു.. ഇത് വഴി ബസ്‌ ഇല്ല.. പിന്നെ താന്‍ എങ്ങനെ ഇവിടെത്തി.. ?? "


"പ്ലീസ്‌ നിങ്ങള്‍ വണ്ടി വിടൂ.. എന്‍റെ മകള്‍.. പ്ലീസ്‌.. എനിക്ക് ആശുപത്രിയില്‍ എത്തണം.. " അവള്‍ തന്‍റെ കയ്യിലെ ബാഗ്‌ മുറുകെ പിടിച്ചു.. എന്നിട്ട് എന്‍റെ ഷര്‍ട്ടില്‍ പിടിച്ചു, എന്നെ കുലുക്കാന്‍ തുടങ്ങി..  "പ്ലീസ്‌... ഒന്ന് പോകൂ.."


"ശരി.. ശരി.. പോകാം.. സമാധാനമായിട്ടിരിക്കൂ.. "


ഞാന്‍ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു... പോകുന്ന വഴിക്ക് ഞാന്‍ ഒന്ന് കൂടി ചോദിച്ചു.. "എന്താ തനിക്കു പറ്റിയെ??"


അവള്‍: (വിതുമ്പിക്കൊണ്ട്)" എന്‍റെ.. എന്‍റെ മകള്‍.. അവള്‍ ലിറ്റില്‍ ഫ്ലവര്‍ ഹോസ്പിറ്റലില്‍ ആണ്.. അവള്‍ക്കു വേണ്ട മരുന്ന് വാങ്ങാന്‍ ഇറങ്ങിയതാണ് ഞാന്‍.. "


ഞാന്‍: "നിങ്ങളുടെ ഭര്‍ത്താവ്.. ?"


അവള്‍ മറുപടി പറഞ്ഞില്ല.. തൂവലക്ക് പിന്നില്‍ മുഖം മറച്ചു.. എന്‍റെ കണ്ണുകള്‍ നേര്‍ത്ത ചിത്രപ്പണികളുള്ള അവളുടെ വെളുത്ത സാരിയില്‍ ഉടക്കി.. 


ഞാന്‍: "സോറി.. ക്ഷമിക്കണം.. ഞാന്‍ അറിയാതെ.. "

അവള്‍ ഒന്നും മിണ്ടിയില്ല... 


ഞാന്‍: "മരുന്ന് അവിടെ നിന്നും വാങ്ങാമായിരുന്നല്ലോ.. ആശുപത്രിയില്‍ നിന്നും ഇതിന്റെ എതിര്‍ ദിശയില്‍ പോയിരുന്നേല്‍ അവിടെ ഒരു കടയുണ്ട്. അവിടുന്ന് വാങ്ങുന്നതായിരുന്നെനെ  എളുപ്പം.. "

അവള്‍: "എനിക്ക് വേണ്ടിയിരുന്ന മൂന്നു മരുന്നുകളില്‍ ഒന്ന് അവിടെ ഉണ്ടായിരുന്നില്ല.. പിന്നെ ഇവിടെ ഒന്ന് രണ്ടു പരിചയക്കാരില്‍ നിന്നും ഒരല്പം കാശും വാങ്ങണമായിരുന്നു.. മരുന്ന് മേടിച്ചു.. പക്ഷെ കാശ് കിട്ടീല.. (അവള്‍ കണ്ണുകള്‍ തൂവാലയില്‍ തുടച്ചു..) .. അവിടുന്ന് തിരിച്ചു വരുമ്പോള്‍, ഒരു ഓട്ടോക്കാരന്‍ ഈ വഴിയിലൂടെ കൊണ്ട് വന്നു.. ഒരല്പം കഴിഞ്ഞപ്പോള്‍ അത് നിന്നു..ടയര്‍ പൊട്ടിയതാണ്.. ഞാന്‍ എന്‍റെ അവസ്ഥ അയാളോട് പറഞ്ഞു.. അയാള്‍ എന്നെ അത് വഴി വന്ന ഒരു കാറില്‍ കയറ്റി വിട്ടു.. ആ കാറില്‍ രണ്ടു പേരുണ്ടായിരുന്നു.. ഈ വഴിയിലെത്തിയപ്പോള്‍ അവര്‍ എന്നോട് അപമര്യാദയായി പെരുമാറാന്‍ തുടങ്ങി.. എന്നെ തൊടാനും കയ്യില്‍ കയറി പിടിക്കാനും.. ഞാന്‍ വാതില്‍ തുറന്നു പുറത്തു ചാടി.. ഇത് അങ്ങനെ പറ്റിയതാണ്.. (അവള്‍ തന്‍റെ സാരിയിലേക്ക് ചൂണ്ടിക്കാണിച്ചു.. )  അവര്‍ നിര്‍ത്താതെ പോയി.. "

ഞാന്‍: "പിന്നെ നീ എന്ത് ധൈര്യത്തിലാ എന്‍റെ വണ്ടിയില്‍ കയറിയത്? "(ഞാന്‍ എന്‍റെ മനസ്സിലൂടെ, ഇവളെ കണ്ടപ്പോള്‍ കടന്നു പോയ ചിന്തകളെ പറ്റി ആലോചിക്കുകയായിരുന്നു... "ചെയ്.. " എന്നെ പറ്റി എനിക്ക് പുച്ഛം  തോന്നി.. പക്ഷെ ഞാന്‍ ഇതൊന്നും അറിഞ്ഞിരുന്നില്ലല്ലോ എന്ന് ഞാന്‍ എന്നെ തന്നെ സമാധാനിപ്പിച്ചു.. )


അവള്‍: "എനിക്ക് മറ്റൊരു മാര്‍ഗവും ഉണ്ടായിരുന്നില്ല.. എനിക്കെങ്ങനെയെങ്കിലും.. ആശുപത്രിയില്‍.. (അവള്‍ വീണ്ടും കരയാന്‍ തുടങ്ങി..).. എന്‍റെ മോള്‍.. അവളവിടെ ഒറ്റക്കാണ്.. "


ഞാന്‍: "ഹേയ് സമാധാനപ്പെടു.. ദാ.. നമ്മള്‍ അവിടെ എത്താറായിരിക്കുന്നു.. കുട്ടി കരയാതിരിക്കൂ.. "


വളവു തിരിഞ്ഞു ആശുപത്രിയുടെ മുന്നിലേക്ക്‌ വണ്ടി വളച്ചു നിര്‍ത്തി.. 


ഞാന്‍: "മരുന്നൊക്കെ കയ്യിലുണ്ടല്ലോ അല്ലെ?? .."

അവള്‍: "ഉണ്ട്.. വളരെ നന്ദിയുണ്ട്.. ഈ ഉപകാരം ഞാന്‍ ഒരിക്കലും മറക്കില്ല.."

പുറത്തിറങ്ങി ആശുപത്രിയിലേക്ക് നടക്കുന്ന അവളെ ഞാന്‍ നോക്കി.. ഒരു നിമിഷം ആലോചിച്ചു.. എന്നിട്ട്.. "ഹേയ്.. കുട്ടി.. ഒരു മിനിറ്റ്.. "

അവള്‍ നിന്നു.. സംശയത്തോടെ ഒരു ചോദ്യഭാവത്തില്‍ എന്നെ നോക്കി..


ഞാന്‍: "കുട്ടീ.. കാശ് കിട്ടിയില്ല എന്നല്ലേ പറഞ്ഞെ.. ദാ ഇതു വെച്ചോളൂ.." എന്‍റെ പേഴ്സില്‍ നിന്നും ഒരു അയ്യായിരം രൂപ ഞാന്‍ അവള്‍ക്കു കൊടുത്തു.. അത് വാങ്ങുമ്പോള്‍ അവളുടെ കണ്ണ് നിറഞ്ഞിരുന്നു.. അവളുടെ കടപ്പാടും നന്ദിയും എല്ലാം ആ കണ്ണുകളില്‍ കാണാമായിരുന്നു.. അവള്‍ എന്‍റെ കയ്യില്‍ പിടിച്ചു.. അവളുടെ കണ്ണുനീര്‍ എന്‍റെ കൈകള്‍ നനച്ചു.. 


അവള്‍: "ഇത് ഞാന്‍ എങ്ങനെ.. " 


ഞാന്‍: "ഹേയ്.. കുട്ടി പൊയ്ക്കോളൂ.. ഇനി കാണുമ്പോള്‍ തന്നാല്‍ മതി.. പൊയ്ക്കോളൂ .. മകള്‍ കാത്തിരിക്കുന്നുണ്ടാകും.. അവളെ ഇനിയും സങ്കടപ്പെടുത്തണ്ട... എന്‍റെ കാര്‍ഡ്‌ കയ്യില്‍ വെച്ചോളൂ..   "


അവള്‍ നടന്നു നീങ്ങി.. ഞാന്‍ മെല്ലെ വണ്ടിയില്‍ കയറി.. ആ വഴിയിലെ ഈ യാത്ര എന്‍റെ മനസ്സിനെ വല്ലാതെ ഉലച്ചു കഴിഞ്ഞിരുന്നു.. സ്വന്തം മകള്‍ക്ക് വേണ്ടി ബുദ്ധിമുട്ടുന്ന അമ്മ .. അതും ഒരു വിധവ.. അവളോട്‌ ഉള്ളില്‍ അഭിമാനം തോന്നി..  അവളോട്‌ അങ്ങനെ അപമര്യാദയായി പെരുമാറിയ അവന്മാരോട് പുച്ഛം തോന്നി.. ആണുങ്ങള്‍ക്ക് പേരുദോഷം ഉണ്ടാക്കാന്‍ ഇറങ്ങിയവര്‍.. വിക്രമിന്‍റെ അന്നിയനിലെ പോലെ ചെന്ന് ഇവന്മാര്‍ക്ക് വല്ല പണിയും കൊടുക്കാന്‍ തോന്നി.. "വൃത്തികെട്ടവന്മാര്‍.." .. 

donate ചെയ്യുന്ന കാഷില്‍ റ്റാക്സ് റിഡക്ഷന്‍ മാത്രം കണ്ടിരുന്ന എനിക്ക്,  ഇന്ന് അവള്‍ക്കു ആ കാശു കൊടുത്തതില്‍ എന്നോട് തന്നെ അഭിമാനം തോന്നി.. അവളുടെ കണ്ണില്‍ നിന്നും വീണ ആ കണ്ണുനീര്‍..അത് മാത്രം മതി ഞാന്‍ ചെയ്തതിന്‍റെ വലുപ്പം കാണാന്‍ .. ഇന്നത്തെ എന്‍റെ ദിവസം തന്നെ മാറ്റിമറിച്ചിരിക്കുന്നു  വഴിയരുകിലെ ആ അപരിചിത.. അവളുടെ പേരു പോലും ചോദിച്ചില്ല.. ഞാനും വണ്ടിയും സംതൃപ്തിയോടെയും സമാധാനത്തോടെയും വീട്ടിലേക്കു നീങ്ങി.. 

ഇതേ സമയം ആശുപത്രിയുടെ മുന്‍പില്‍.. 


അവള്‍: "ചേട്ടാ.. ഇലഞ്ഞിപ്പാറയിലേക്ക് പോണം.. "


ആട്ടോക്കാരന്‍: "ഇലഞ്ഞിപ്പാറയിലെവിടെ?"


അവള്‍: "ആ ആല്‍മരത്തിന്‍റെ അടുത്ത്.. അഞ്ചു രൂപ കൂടുതല്‍ തരാം.." (കയ്യിലെ കാര്‍ഡ്‌ ഓടയിലേക്കെറിഞ്ഞു അവള്‍ ആട്ടോയില്‍ കയറി)




Wednesday, June 23, 2010

പ്രണയത്തേക്കാള്‍ മികച്ച ഒരു അനുഭൂതി ഉണ്ടോ?

"ആരോമലേ.. ആ.. രോ..മലെ.. ".. അല്‍ഫോണ്‍സ് തൊള്ള തുറക്കുന്നു.. മൊബൈല്‍ എടുത്തു നോക്കി.. engineering ടീമിലെ ചേട്ടന്‍മാര്‍ ആണ്.. "ആങ്ങ്‌.. ഞാന്‍ വരാം.. നിങ്ങള്‍ മുകളിലേക്ക് നടന്നോ.." .. അവര്‍ ഉള്ളതാണ് ഇവിടെ ഉള്ള ഒരു ആശ്വാസം... ഇല്ലെങ്കില്‍ വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍ ആയിരുന്നേനെ.. ഒറ്റപ്പെടലിന്‍റെ വീര്‍പ്പുമുട്ടല്‍.. 


കുറച്ചു നാളായി ഈ കമ്പനിയില്‍ എത്തിയിട്ട്.. പഴയ കമ്പനി എന്നെ ഒരു നകതന്‍ജരന്‍ ആക്കിയപ്പോള്‍, അതില്‍ നിന്നും രക്ഷപെട്ടു എത്തിയതാണ് ഇവിടെ.. മൊബൈല്‍ വിറക്കാന്‍ തുടങ്ങി.. അവരായിരിക്കും.. മുകളിലേക്ക് പോകാം.. 

മുകളില്‍ അവര്‍ എന്തോ സംവാദത്തിലായിരുന്നു... ഞാന്‍ എത്തിയതും പ്രമോദ് പറഞ്ഞു.. "ഡേ നാരായണാ.. പയ്യനോട് ചോദിക്ക്.. ഇവനീ കാര്യത്തില്‍ നല്ല എക്സ്പീര്യന്‍സ് ആണ്.. അല്ലെടേ .."

നാരായണന്‍: "ഡാ.. പോയി എനിക്കൊരു ചായ പറയെടേ .. "
പ്രമോദ് : "ഡാ എനിക്കും കൂടെ.. "
അംബി: "എനിക്കും.. " 
ഞാന്‍: "തനിയെ പോയി എടുത്താല്‍ മതി.. ഇല്ലേല്‍ ആരെങ്കിലും കൂടെ വാ.. "


അങ്ങനെ ചായയുമായി ഞങ്ങള്‍ ഇരുന്നു.. സംസാരം പ്രണയത്തെ പറ്റി ആണ്.. എല്ലാരും തങ്ങളുടെ പ്രണയത്തെ പറ്റിയും അത് തകര്‍ന്ന വഴികളെ പറ്റിയും.. അതില്‍ നിന്നുണ്ടായ അനുഭവങ്ങളെ പറ്റിയും വാ തോരാതെ സംസാരിക്കുകയായിരുന്നു.. "എന്തേ ..  എല്ലാവരുടെയും പ്രണയങ്ങള്‍ പരാജയത്തിലെത്തുന്നു.." എന്ന് ഞാന്‍ വെറുതേ ആലോചിച്ചു.. 

നാരായണന്‍: "ഡേ.. മൂവായിരം രൂപയാടെ മാസം ഫോണിനു മാത്രം ചെലാകുന്നെ.... ഒരു ലൈന്‍ ഉണ്ടായാല്‍ ഉള്ള വിഷമം... ഇതൊക്കെ നിനക്ക് അറിയണോ.. ഒരിക്കലെങ്കിലും നീയൊക്കെ ലൈന്‍ അടിച്ചിട്ടുണ്ടോ?? "


പ്രമോദ്: "അടിച്ചിട്ടുമുണ്ട്‌ .. അടിച്ചു കിട്ടിയിട്ടുമുണ്ട്.. നീ നമ്മളെ ശശി ആക്കാതെ.. "


അംബി: "ഞാന്‍ ഒരു പെണ്ണിനെ കണ്ടു , സംസാരിച്ചു.. ഇഷ്ടപ്പെട്ടു... അവള്‍ എന്നെയും കണ്ടു.. സംസാരിച്ചു... പക്ഷെ ഇഷ്ടപ്പെട്ടില്ല.. ആത്മാര്‍ഥമായ പ്രണയം.. പക്ഷെ ഇങ്ങനെ അപ്രതീക്ഷിതമായി അത് തകര്‍ന്നപ്പോ ഉണ്ടായ വിഷമം കാരണം എന്‍റെ രണ്ടു സെം പോയി.. ഇല്ലായിരുന്നെങ്കില്‍ ആ നേഹയെ ഞാന്‍ നോക്കിയേനെ..  "


പ്രമോദ്: "എന്നിട്ട് വേണം ലവളും നിന്നെ കാണാന്‍.. എന്നിട്ട് ഇഷ്ടപ്പെട്ടില്ല  എന്ന് പറയാന്‍.. നിന്‍റെ രണ്ടു സെം കൂടെ പോകാന്‍.. എന്തെടെ വിനീഷേ നീ മിണ്ടാതിരിക്കുന്നെ? "

നാരായണന്‍: "പക്ഷെ അളിയാ.. എന്തൊക്കെ പറഞ്ഞാലും , പ്രണയത്തേക്കാള്‍ മികച്ച ഒരു അനുഭൂതി ഉണ്ടോ?? ഇല്ലളിയാ.. "

പ്രമോദും അംബിയും :"അത് ശെരിയാ.. "

പ്രമോദ്: "എന്തെടെ അണ്ണാ വിനീഷേ നീ മിണ്ടാതിരിക്കുന്നെ? നിനക്കൊന്നും ഇല്ലേ?? "

നാരായണന്‍: "അതിനിവന് പ്രായപൂര്‍ത്തിയാകണ്ടേ.. "

ഞാന്‍: "ആക്കാതെ പോടോ...  "

അംബി: "ഡാ വാ.. എനിക്ക് പോണം.. പണിയുണ്ട്.. "

പ്രമോദും നാരായണനും: "വാടാ പോകാം.. "

ഞാന്‍: "ഇല്ല.. ഞാന്‍ ഇച്ചിരി കഴിഞ്ഞു വരാം.. ഒരു ചായ കൂടി കുടിക്കട്ടെ.."


എനിക്ക് സംസാരിക്കാന്‍ ഇല്ലാഞ്ഞിട്ടോ, പ്രണയത്തിന്റെ അനുഭൂതി അനുഭവിച്ചറിയാഞ്ഞിട്ടോ  അല്ല ഞാന്‍ മിണ്ടാണ്ടിരുന്നത്.. ആ ചര്‍ച്ച എന്‍റെ മനസ്സിലൂടെ അപ്രതീക്ഷിതമായി അവളുടെ ഓര്‍മകളെ ചിറകടിച്ചു പറത്തിച്ചു.. ഞാന്‍ അവളെ മറന്നു തുടങ്ങിയതായിരുന്നു.. അല്ല.. മറക്കാന്‍ തുടങ്ങിയതായിരുന്നു..   


കോളേജില്‍ വെച്ചാണ് അവളെ പരിചയപ്പെട്ടത്‌.. പരിചയപ്പെട്ട ഉടനെ തന്നെ വളരെ നല്ല സുഹൃത്തുക്കളായി ഞങ്ങള്‍ മാറി.. എന്‍റെ ജീവിതത്തില്‍ എനിക്കുണ്ടായിട്ടുള്ള ഏറ്റവും അടുത്ത സുഹൃത്തായിരുന്നു അവള്‍.. എപ്പോഴാണ് എന്നെനിക്കറിയില്ല.. പക്ഷെ പതിയെ പതിയെ ഞാന്‍ അവളെ ഇഷ്ടപ്പെട്ടു തുടങ്ങി.. ഞങ്ങളുടെ ഹൃദയ സ്പന്ദനത്തിന്റെ അര്‍ഥം വരെ ഞങ്ങള്‍ക്ക് പരസ്പരം അറിയാമായിരുന്നു എന്ന് പറയാം.. അവളുടെ സാമീപ്യം എന്നുമുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചിരുന്നു.. കോളേജിലെ മൂന്നു വര്‍ഷം എന്‍റെ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച മൂന്നു വര്‍ഷങ്ങളായിരുന്നു.. എന്‍റെ ജീവനേക്കാള്‍ ഞാന്‍ പ്രണയിച്ചിരുന്ന  എന്‍റെ പഠനം.. ആ വിഷയങ്ങള്‍ എനിക്ക് ഹരമായിരുന്നു.. എന്‍റെ പഠനത്തെക്കാള്‍ ഞാന്‍ പ്രണയിച്ചിരുന്ന എന്‍റെ കൂട്ടുകാരി.. പക്ഷെ എന്‍റെ പ്രണയം ഞാന്‍ ഒരിക്കലും അവളെ അറിയിച്ചില്ല.. സമയമാകട്ടെ എന്ന് കരുതി.. 

അങ്ങനെ കോളേജ് അവസാനിക്കാറായി.. ക്യാമ്പസ്‌ പ്ലേസ്മെന്‍റ് നടക്കുകയാണ്... ചെന്നൈയിലെ ഒരു കമ്പനിയില്‍ എനിക്ക് ജോലി ലഭിക്കും എന്ന അവസ്ഥയായി.. അവരോടു ഞാന്‍ വെച്ച ഒരേ ഒരു ഉപാധി ഇതായിരുന്നു.. "എന്‍റെ കൂട്ടുകാരിക്കും ജോലി ലഭിച്ചാല്‍ മാത്രം ഞാന്‍ വരും.. ഞങ്ങള്‍ക്ക് പിരിയാനാകില്ല.. ഞങ്ങള്‍ അത്ര നല്ല സുഹൃത്തുക്കളാണ്.. " ... രണ്ടു ദിവസം കഴിഞ്ഞു കമ്പനി വിളിച്ചു.. "തനിക്കു ജോലി ലഭിച്ചിരിക്കുന്നു.. ചെന്നൈയില്‍ ആണ്.. ഒരാഴ്ചക്കുള്ളില്‍ ജോയിന്‍ ചെയ്യണം.. "..  
"സര്‍ .. ഞാന്‍ എന്‍റെ നിലപാട് നേരത്തേ വ്യക്തമാക്കിയിരുന്നതാണ്.. "
"അറിയാം.. ആ കുട്ടിയേയും ഞങ്ങള്‍ എടുത്തിട്ടുണ്ട്.. ഇനി തനിക്കു ചേരാമല്ലോ.. ??? "
"നന്ദിയുണ്ട് സര്‍.. "

അങ്ങനെ ഞാന്‍ രണ്ടു പേരും ചെന്നൈയില്‍ എത്തി.. അങ്ങനെയിരിക്കെ , സമയമായി എന്നെന്‍റെ മനസ്സ് പറഞ്ഞു.. ഞാന്‍ അവളെ അറിയിച്ചു.. എന്‍റെ ഉള്ളിലെ പ്രണയം, അവളോടുള്ള എന്‍റെ തീര്‍ത്താല്‍ തീരാത്ത ഇഷ്ടം.. പെട്ടെന്ന് കേട്ടതിലെ ഞെട്ടലാകും, അവള്‍ക്കത് ഉള്‍കൊള്ളാണോ,  കഴിഞ്ഞില്ല.. അവള്‍ വേണ്ടത്ര സമയം എടുത്തോട്ടെ.. കാത്തിരിക്കാന്‍ ഞാന്‍ എന്നും തയ്യാറായിരുന്നു.. 

അടുത്ത ദിവസം എനിക്ക് ഓഫീസിലെ എച്ച് ആര്‍- ഇന്‍റെ അടുക്കല്‍ നിന്നും ഒരു ഫോണ്‍ കാള്‍ വന്നു.. എനിക്ക് ബാംഗ്ലൂര്‍ ഓഫീസിലേക്ക് പോകാന്‍ ഒരു അവസരം.. ഞാന്‍ തീര്‍ത്തു പറഞ്ഞു.. എന്‍റെ കൂട്ടുകാരിയെ വിട്ടു ഞാനില്ല.. ഞാന്‍ അദ്ദേഹത്തോട്  കുറച്ചു നേരം സംസാരിച്ചു.. അതിനിടയില്‍ അദ്ദേഹം പറഞ്ഞ ഒരു കാര്യം എനിക്ക് ശരിയാണ് എന്ന് തോന്നി.. "വിനീഷ്.. അകന്നിരുന്നാലെ സ്നേഹത്തിനു ആഴം കൂടുള്ളൂ.. നീ പോയി നോക്കൂ.. നിനക്ക് ശരിയാകുന്നില്ലെങ്കില്‍ പറഞ്ഞാല്‍ മതി.. നിനക്ക് തിരിച്ചിവിടേക്ക് വരാം.."   


അങ്ങനെ ഞാന്‍ പോകാം എന്ന് തീരുമാനിച്ചു.. ബാംഗ്ലൂര്‍ ഓഫീസില്‍ അത്യാവശ്യം നല്ല ജോലി ഉണ്ടായിരുന്നു.. മിക്കവാറും എനിക്ക് നൈറ്റ്‌ ഷിഫ്റ്റ്‌ ആയിരുന്നു.. അവളുടെ വിളി ഒന്നും വന്നില്ല.. അങ്ങനെ ഞാന്‍ അവളെ വിളിച്ചു.. അവള്‍ എന്നോട് പറഞ്ഞ വാര്‍ത്ത എന്നെ തീരെ തളര്‍ത്തിക്കളഞ്ഞു.. "വിനീഷ്.. ഞാന്‍ തന്നെ ഒരിക്കലും അങ്ങനെ കണ്ടിട്ടില്ല.. അങ്ങനെ കാണാന്‍ എനിക്ക് സാധിക്കില്ല.. ഞാന്‍ വേറൊരാളുമായി ഇഷ്ടത്തിലാണ്.. "(പൈങ്കിളി ഡയലോഗ്... പക്ഷെ എന്നെ തളര്‍ത്താന്‍ അത് ധാരാളമായിരുന്നു..  ).. അവള്‍ പറഞ്ഞതിലെ സത്യം എനിക്ക് വ്യക്തമായിരുന്നു.. പക്ഷെ എന്‍റെ പ്രണയം എങ്ങനെ അവള്‍ക്കുള്‍കൊള്ളാന്‍ സാധിച്ചില്ലയോ, അങ്ങനെ തന്നെ എനിക്കും അവളുടെ നിരസനം ഉള്‍കൊള്ളാന്‍ സാധിച്ചില്ല.. ഞാന്‍ അവളെ വീണ്ടും വിളിച്ചു.. എന്‍റെ പ്രണയം പല രീതിയിലും അവളെ അറിയിക്കാന്‍ ശ്രമിച്ചു.. പക്ഷെ, എന്‍റെ പെരുമാറ്റം അവള്‍ക്കു എന്നോടുണ്ടായിരുന്ന സൌഹൃദത്തെ വല്ലതെ ഉലച്ചു.. അവള്‍ എന്നോട് മിണ്ടാതായി.. ഞാന്‍ തിരിച്ചു ചെന്നൈയിലേക്ക് മടങ്ങിയില്ല.. ആര്‍ക്കു വേണ്ടി മടങ്ങണം എന്ന ചിന്തയായിരുന്നു ആ തീരുമാനത്തിന് പിന്നില്‍..  പക്ഷെ, ഇതെന്നെ മാനസികമായും, ശാരീരികമായും വല്ലാതേ തളര്‍ത്തി.. രാത്രി ഉള്ള ഈ ജോലി എനിക്ക് ശേരിയാകുന്നില്ല എന്ന് എനിക്ക് തോന്നിത്തുടങ്ങി . പിന്നെ ഒരു മാറ്റവും എനിക്കവശ്യമായിരുന്നു.. അവളുടെ ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുന്ന ആ നശിച്ച കമ്പനിയില്‍ നിന്നും ഒരു മോചനം.. അങ്ങനെ ആണ്, ഞാന്‍ ഈ കമ്പനിയില്‍ എത്തിയത്..  


"ആരോമലേ.. ആ... രോ... മലെ......." അല്‍ഫോന്‍സ് വീണ്ടും വിളി തുടങ്ങി.. എന്‍റെ പുതിയ ലൈന്‍.. എന്നെ പ്രണയിക്കുന്ന എന്‍റെ പ്രണയിനി.. നാരായണന്‍ പറഞ്ഞത് ഞാന്‍ ഓര്‍ത്തു.. "പ്രണയത്തേക്കാള്‍ മികച്ച ഒരു അനുഭൂതി ഉണ്ടോ?? ".. പക്ഷെ അതിനു ഞാന്‍ ഒരു ചെറിയ തിരുത്ത്‌ വരുത്തി... "നഷ്ട പ്രണയത്തേക്കാള്‍ മികച്ച ഒരു അനുഭൂതി ഉണ്ടോ? ".. എന്നും മനസ്സില്‍ നില്‍ക്കുകയും, എന്നും ഓര്‍ക്കുകയും, ഒരിക്കലും വേരുക്കാതിരിക്കുകയും, ചെയ്യുന്ന ആ അനുഭൂതി... ഈ പുതിയ പെണ്ണിനെ ഒരിക്കലും ഞാന്‍ എന്‍റെ പ്രിയ-യോളം സ്നേഹിക്കില്ല.. പിന്നെ ഇത്...."ഹാ  ഹ" ...  ആവര്‍ത്തന വിരസത എന്നൊന്ന് ഉണ്ടാകും വരെ, നഷ്ട പ്രണയങ്ങള്‍ എന്ന അനുഭൂതി അനുഭവിക്കാന്‍ തന്നെയാണ് എന്‍റെ തീരുമാനം..  

അല്‍ഫോണ്‍സിന്‍റെ ശബ്ദം വീണ്ടും ഉയര്‍ന്നു..  " ആരോമലേ.... ആ.. രോ.. മലേ...."..


Tuesday, June 15, 2010

ഓര്‍മകളില്‍ നിന്നൊരു പിന്‍വിളി ..

ഇന്നും  വൈകി.. നേരത്തേ എത്തണമെന്ന് അവള്‍ പറഞ്ഞിരുന്നതാ.. പക്ഷെ ഓഫീസിലെ തിരക്കുകളെ പറ്റി അവള്‍ക്കെന്തറിയാം.. രണ്ടു ദിവസം മുമ്പ് മോളോട് "നീയൊരു കമ്പ്യൂട്ടര്‍ എന്‍ജിനിയര്‍ ആയിട്ട് വേണം ഈ കമ്പ്യൂട്ടര്‍ ശെരിയാക്കാന്‍ " എന്ന് പറഞ്ഞവളല്ലേ.. 

ഹോ എന്നെങ്കിലും ലേറ്റ് ആയാല്‍ അന്നീ പണ്ടാരം പിടിച്ച ബസ്‌ താമസിച്ചേ വരൂ.. ബസ്സില്‍ കയറിയപ്പോഴാണ് ഓര്‍ത്തത്‌, മോള്‍ക്ക്‌ പലഹാരം വാങ്ങാന്‍ മറന്നു... ഇത് പതിവാണ്.. മറവിയല്ല.. പലഹാരം വാങ്ങല്‍.. വീടിനും രണ്ടു സ്റ്റോപ്പ്‌ ഇപ്പുറത്തിറങ്ങണം  .. അവിടം കഴിഞ്ഞങ്ങോട്ടു കടയില്ല.. "ഹോ വരുമ്പോ എല്ലാം കൂടെ ഒന്നിച്ചാണല്ലോ"..  

വിഷമത്തോടെയാണ് സ്റ്റോപ്പില്‍ ഇറങ്ങിയതെങ്കിലും മോളെ ഓര്‍ത്തപ്പോള്‍ മനസ്സില്‍ ചിരി വന്നു.. ഇതും കൊണ്ട് വീട്ടില്‍ എത്തുമ്പോള്‍ ഉള്ള രംഗം മനസ്സില്‍ ഓടി എത്തി.. 
മോള്‍: "അച്ഛാ ... എവിടെ?? "
ഞാന്‍: "എന്ത്? "
മോള്‍: "അച്ഛാ എടുക്കു.. പ്ലീസ്‌.. ഞാന്‍ ഫോണ്‍ ചെയ്തപ്പോ അച്ഛന്‍ പറഞ്ഞു... "
ഞാന്‍: "അയ്യോ.. മറന്നല്ലോ.. പോട്ടെ.. നാളെ തരാം.. നമുക്ക് അമ്മയെ കൊണ്ട് ഇന്ന് പൂരിയും , കറിയും ഉണ്ടാക്കിക്കാം.. ഉം?  "
അമ്മ: "ദേ.. എന്‍റെ വായീന്ന് കേള്‍ക്കരുത്‌.. അച്ഛനും മോളും കൂടെ അങ്ങുണ്ടാക്കിയാല്‍ മതി.. ഞാന്‍ ദോശ ചുട്ടു വെച്ചിട്ടുണ്ട്.. "
പിണങ്ങി പോയി കട്ടിലില്‍ കിടക്കുന്ന മോളുടെ അടുത്ത് കിടന്നു, വാങ്ങിയ പലഹാരം അവളുടെ കയ്യില്‍ വെക്കുമ്പോള്‍ അവള്‍ തിരഞ്ഞു കെട്ടിപ്പിടിച്ചു ഒരുമ്മ തരും.. 


ബ്ലും........


ഛെ... ഇതാണ് പറയുന്നത്.. സ്വപ്നം കണ്ടു നടക്കരുതെന്നു.. മഴയത്തു  തളം കെട്ടിക്കിടന്ന വെള്ളത്തില്‍ ചവിട്ടി.. ഛെ.. ഷൂസും സോക്സും നനഞ്ഞല്ലോ.. നാളെ മീറ്റിങ്ങും ഉണ്ട്..  ഇതിനി ഉണക്കിയെടുക്കണമല്ലോ... ഹും..  കടയെത്തി..

"ചേട്ടാ ... അത് മൂന്നും രണ്ടു വെച്ചെടുത്തോ .. "... "രണ്ടോ? അതെന്താ സാറേ .. ഭാര്യയുമായി പിണങ്ങിയോ? ".. "വാചകമടിക്കാതേ  എടുക്കു ചേട്ടോ.. ".. "(നനഞ്ഞ ഷൂസ് നോക്കി.. ) അല്ലേല്‍ മൂന്നെണ്ണം എടുത്തോ.. " 

സാധനം മേടിച്ചു തിരിഞ്ഞപ്പോഴാണ് ഞാന്‍ അവനെ കണ്ടത്.. ആറു ഏഴു വര്‍ഷമായി ഇവന്റെ ഒരു വിവരവും ഇല്ലായിരുന്നു.. കോളേജില്‍ നിന്നിറങ്ങി ജോലിയില്‍ പ്രവേശിച്ചതിന് ശേഷം ഒരു രണ്ടു വര്‍ഷം തമ്മില്‍ ബന്ധപ്പെട്ടിരുന്നു.. അതിനു ശേഷം.. ഇതാ ഇവിടെ ... ഇപ്പോഴാണ്.. 

"ഡാ.. ".. ചുറ്റും നിന്നവര്‍ തിരിഞ്ഞു നോക്കി.. ഒരു നിമിഷം ഞാന്‍ ആ പഴയ കോളേജ് വിദ്യാര്‍ഥി ആയി.. പക്ഷെ, അവന്‍ തിരിഞ്ഞു നോക്കി.. ഞാന്‍ ഓടി അവന്‍റെ അടുത്തെത്തി.. അവനു എന്നെ പിടികിട്ടിയില്ല എന്ന് തോന്നുന്നു.. "മനസ്സിലായില്ല" എന്ന ഭാവത്തോടെ അവന്‍ എന്‍റെ നേരെ നോക്കി.. 


"അളിയാ.. മനസ്സിലായില്ലേ?? ഇത് ഞാനാടാ ഞാന്‍.. ".. "ആങ്ങ്‌ .. (മുഖത്ത് പരിചയ ഭാവം വന്നു..) ".. 
ഞാന്‍: "എന്നാ ഉണ്ടെടാ വിശേഷം.. എത്ര നാളായി കണ്ടിട്ട്.. ഇടക്കൊന്നു വിളിക്കരുതോ???  ഞാന്‍ പി.ജി ക്ക് കയറിയ ആ രണ്ടു വര്‍ഷം കൊണ്ട് എനിക്ക് എല്ലാരും ആയുള്ള കണക്ഷന്‍ വിട്ടു.. നിന്‍റെ കയ്യില്‍ എന്‍റെ വീട്ടിലെ  നമ്പര്‍ ഇല്ലായിരുന്നോ.. വിളിക്കരുതായിരുന്നോ?? (ഞാന്‍ ആ പഴയ വായാടി ആകുകയായിരുന്നു..) നീയെന്താ ഇവിടെ?? ".. കയ്യിലെ പൊതി കണ്ടു , "നീയും പലഹാരം വാങ്ങാന്‍ വന്നതാണോ? ഇതാണളിയാ യാദൃശ്ചികത എന്ന് പറയുന്നത്.. അല്ലേല്‍ ഇന്ന് ഇറങ്ങാന്‍ വൈകാനും.. പലഹാരം വാങ്ങാന്‍ മറക്കാനും..  അല്ല നീ എന്താ ഒന്നും മിണ്ടാത്തേ?? നീ എന്ത് ചെയ്യുന്നു?? ഇവിടെ എവിടെ?? "


അവന്‍: "സുഖമാണളിയാ.. നിന്നെ ഇവിടെ കാണും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.. ഞാന്‍ ഇവിടെ അടുത്ത് ഒരു കോളേജില്‍ അധ്യാപകന്‍ ആണ്... ഗസ്റ്റ് ലെക്ച്ചറര്‍.. "


ഞാന്‍: "ലെക്ച്ചററാ... നീയോ?? അപ്പൊ പുറത്തു പോണം... അറിയപ്പെടുന്ന ബിസിനസ്‌ മാന്‍ ആകണം.. കാശ് സമ്പാദിക്കണം.. ഇതൊക്കെ?? ഇതൊക്കെയായിരുന്നല്ലോ നിന്‍റെ ജീവിതാഭിലാഷങ്ങള്‍.. ഇതൊരു സര്‍പ്രൈസ് ആയിപ്പോയല്ലോ.. ഞാന്‍ നീ വല്ല പുറം രാജ്യത്തുമായിരിക്കും എന്നാണ് കരുതിയിരുന്നത്.. നീ ഇത്ര അടുത്തുണ്ടെന്നു ഞാന്‍ അറിഞ്ഞില്ല.."


അവന്‍: "നീ കല്യാണം കഴിചിരിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു.. അളിയാ.. കുടുംബ ജീവിതത്തെക്കാള്‍ വലുത് എന്തുണ്ട്.. അക്കാലത്ത് ഒരു വാശിയായിരുന്നു.. സ്ഥാനമാനങ്ങള്‍ തേടിയുള്ള അലച്ചില്‍.. വെട്ടിപ്പിടിക്കാനുള്ള ഒരു വെറിയായിരുന്നു.. എന്നാല്‍ ജീവിതത്തില്‍ ഇതിനൊന്നും ഒരു സ്ഥാനവുമില്ലെന്ന് എനിക്ക് മനസ്സിലായെടാ .. ഞാന്‍ കമ്പനിയുടെ മാനേജിംഗ് ഡായറക്ടര്‍ ആയപ്പോള്‍ ഞാന്‍ കരുതി ഇതിലും കൂടുതല്‍ ഞാന്‍ ഒരിക്കലും സന്തോഷിക്കില്ല എന്ന്.. എന്നാല്‍ നിനക്കറിയോ? എന്‍റെ ഭാര്യ ഞങ്ങടെ മോളെ പ്രസവിച്ച ആ ദിവസം.. അവളെന്റെ കയില്‍ പിടിച്ചപ്പോ ഞാന്‍ അനുഭവിച്ച ആ സന്തോഷം.. അന്ന് തിരച്ചറിഞ്ഞു.. എനിക്ക് ഇനി ജീവിക്കേണ്ടത് ഇതിനു വേണ്ടിയാണ്.. അവരുടെ സന്തോഷത്തിനു വേണ്ടി..  "


ഞാന്‍: "എന്തൊന്നളിയാ.. തത്വം പറയുന്നോടെ?? നീ ആളാകെ മാറിപ്പോയി.. എന്‍റെ സ്ഥിതിയും ഇതൊക്കെ  തന്നെ.. വീട്ടില്‍ ഒരു കാന്താരിയുണ്ട്.. ഇത് അവള്‍ക്കാ.. നീ എന്നും ഇവിടുന്നാണോ വാങ്ങുന്നെ?? എങ്കില്‍ പറ.. ഞാന്‍ ഇവിടിറങ്ങാം എന്നും .. "


അവന്‍: "ഇവിടുന്നാണ്‌.. എന്നും "


ഞാന്‍: "എന്നും വാങ്ങാന്‍ വരോ? എങ്കില്‍ ഞാന്‍ ഭാര്യയോടു വല്ല പുളുവുമടിച്ചു ഈ സമയമാക്കാം രാത്രി.. മോള്‍ക്കും എന്നും വാങ്ങിക്കൊണ്ടു പോയില്ലേല്‍ പരിഭവമാ.. അവള്‍ സങ്കടപ്പെട്ടാല്‍ എനിക്ക് സഹിക്കില്ല.. അതാ.. ഈ സമയത്ത് ഇവിടിറങ്ങി..  വീട് കുറച്ചു അപ്പുറത്താണ്.."


അവന്‍: "ഇവിടെയും അത് തന്നെ.. വാങ്ങിയില്ലേല്‍ പരിഭവപ്പെടും.. മോള്‍ കരഞ്ഞാല്‍ എനിക്കും സഹിക്കില്ല.. വേറാര്‍ക്ക് വേണ്ടിയാടാ നമ്മള്‍.. പണ്ടൊരിക്കല്‍ അവള്‍ അമ്മേടെ കൂടെ അവളുടെ വീട്ടിലേക്ക് പോകാന്‍ നില്‍ക്കുവായിരുന്നു.. അന്ന് ഞാനാ കമ്പനിയില്‍ തന്നായിരുന്നു.. ഇറങ്ങാന്‍ വൈകി.. ഞാന്‍ വന്നിട്ടേ പോകൂ എന്ന് വാശി പിടിച്ചു അവള്‍ നില്‍ക്കുവായിരുന്നു.. തിരക്കില്‍ ഞാന്‍ വാങ്ങാന്‍ മറന്നു.. അന്ന് അവള്‍ കരഞ്ഞത് ഇന്നും എന്‍റെ കണ്‍ മുമ്പില്‍ ഉണ്ട്.. പിന്നെ മുടക്കീട്ടില്ല.. ആങ്ങ്‌ .. ഞാന്‍ ഇനി ഇടത്തെക്കാണ്.. "

ഞാന്‍: "അളിയാ.. ഞാന്‍ നോക്കട്ടെ.. നാളെയും ഈ സമയതാക്കാം.. നിന്‍റെ നമ്പര്‍.. "


അവന്‍: "ഞാന്‍ മൊബൈല്‍ ഉപയോഗം നിര്‍ത്തി.. നാളെ കാണാം.. അല്ലേല്‍ ഇത് പോലെ അവിചാരിതമായി കണ്ടുമുട്ടാം.. അതിനുമുണ്ടല്ലോ.. ഒരു സുഖം.. മോളോട് എന്‍റെ അന്വേഷണം അറിയിച്ചേക്കൂ... "


വീട്ടിലേക്ക് നടക്കുന്ന വഴി ഞാന്‍ ഞങ്ങളുടെ കോളേജ് സുഹൃത്തിനെ വിളിച്ചു.. ഇവനെ കണ്ടു കിട്ടിയ വിവരം അറിയിക്കണമല്ലോ.. 


"അളിയാ.. ഞാനാ.. ".. 

"എന്തെടെ .. ഈ സമയത്ത്.. തിന്നാനും സമ്മതിക്കൂലേ...? വല്ലപ്പോഴുമാണ് പിള്ളേര് ഉറങ്ങുന്നതിനു മുമ്പ് എത്തുന്നെ.. ".. 

"നീ തിന്നോണ്ടിരുന്നോ.. ഡാ.. ഞാന്‍ അവനെ കണ്ടെടാ.. ".. 

"ഓഹോ.. നീ ഇപ്പോഴാണോ അവനെ കാണുന്നെ.. അവന്‍ നിന്‍റെ വീട്ടിന്റെ അടുത്തല്ലേ.. അവനിപ്പോ അവിടുത്തെ കോളേജില്‍ അല്ലെ.. .. ".. 

"ങേ?........  അത്.. ഞാന്‍.. ഇല്ല.. ഞാന്‍ അറിഞ്ഞില്ല.. നീയെങ്ങനെ അറിഞ്ഞു.. അവന്‍ കോളേജില്‍ ആണെന്ന്..  ".. 

"അവന്‍ അവന്‍റെ ഭാര്യയും മോളും മരിച്ചതിനു ശേഷം കോളേജില്‍ പടിപ്പിക്കുവല്ലേ.. "


"വാട്ട്!!!!!.... കം ഓണ്‍ ...............‍.. അവനിപ്പോ അവന്‍റെ മോള്‍ക്ക്‌ പലഹാരം വാങ്ങിക്കൊണ്ടു പോകുന്നത് ഞാന്‍ കണ്ടതല്ലേ.. ".. 

"അതൊന്നും എനിക്കറിയില്ല.. പക്ഷെ ഇത് സത്യമാ. അവനാ കമ്പനിയില്‍ ജോലി ചെയ്തുകൊണ്ടിരുന്ന കാലത്താ.. അവന്‍റെ ഭാര്യയും മോളും കൂടെ അവന്‍റെ ഭാര്യേടെ വീട്ടില്‍ പോകുന്ന വഴിക്ക് ആക്സിഡന്റായിരുന്നു .. പിന്നീട് ഒരുപാട് നാള്‍ അവന്‍റെ ഒരു വിവരോം ഇല്ലായിരുന്നു.. പിന്നീടാണ് അറിഞ്ഞത്... ഗസ്റ്റ് ലക്ചറര്‍ ആണെന്ന്.. വിധിയാടെ.. അല്ലേല്‍ ഇങ്ങനെ.. അത് ഇത്ര ചെറുപ്പത്തില്‍.. ".. 


ഒന്നും പറയാന്‍ തോന്നിയില്ല.. "ഹും.. ശേരിയെടാ...".. വീട്ടില്‍ എത്തി മോളുടെ മുഖം കണ്ടപ്പോള്‍ അവന്‍റെ മുഖമാണ് ഓര്‍മ വന്നത്.. മകള്‍ക്ക് പലഹാരവുമായി പോകുന്ന അവന്‍റെ മുഖം.. മുഖത്ത് ഒഴുകിയിരുന്ന വിയര്‍പ്പില്‍ ഒളിച്ചിരുന്ന കണ്ണീര്‍ അവര്‍ കണ്ടോ ആവോ....