Friday, September 10, 2010

കിളിച്ചുണ്ടന്‍ മാമ്പഴം

ബാംഗ്ലൂരില്‍ വന്ന സമയത്ത് എനിക്കും  അംബിക്കും നാരായണനും പറ്റാത്ത അബദ്ധങ്ങള്‍ ഇല്ല.. എന്നാല്‍ ഇത്രയും നാള്‍ ആ കഥകള്‍ പുറത്താക്കാന്‍ അവന്മാര്‍ എന്നെ അനുവദിച്ചിരുന്നില്ല.. ഇപ്പോള്‍ അംബി ഹൈദരാബാദിലും നാരായണന്‍ ഇന്‍ഡോറിലും ആയതിനാലും ഞാന്‍ സ്വതവേ ധൈര്യശാലിയായതിനാലും ഇനി എന്നെ എഴുതാന്‍ അനുവദിക്കാതിരിക്കാന്‍ അവന്മാരെ ഞാന്‍ അനുവദിക്കില്ല.. 

ഇത് ഞാനും അംബിയും ബാംഗ്ലൂരില്‍ എത്തിയ ആദ്യ ആഴ്ച.. ഗസ്റ്റ് ഹൌസ് എന്ന പേരില്‍ ഞങ്ങളെ ഒരു ലോഡ്ജില്‍ കമ്പനി താമസിപ്പിച്ചിരിക്കുന്നു.. ഹിന്ദിക്കാരന്‍മാരുടെ കൂടെ ചീട്ടു കളിച്ചും, ടി വി യില്‍ ടെന്നീസ് കണ്ടും സമയം തള്ളി നീക്കുന്ന നാളുകള്‍.. 

അങ്ങനെ അംബിയുടെ നിര്‍ബന്ധത്തിന് വഴങ്ങി ഒരു ദിവസം വൈകുന്നേരം ഞാനും അവനും ജയനഗര്‍ 4th ബ്ലോക്ക്‌ തേടി യാത്ര തുടങ്ങി... കാരണം  അവിടെ ഒരു ഷോപ്പിംഗ്‌ കോമ്പ്ലക്സ് ഉണ്ടെന്നു അംബിയോട് നമ്മുടെ ലോഡ്ജിന്റെ നടത്തിപ്പ് കാരന്‍ പറഞ്ഞു.. എന്തിനാ അങ്ങോട്ട്‌ പോകുന്നെ എന്നല്ലേ??? ഷോപ്പിംഗ്‌ കോമ്പ്ലക്സുകളില്‍ പോയി ആയിരക്കണക്കിന് രൂപയ്ക്കു ഷോപ്പിംഗ്‌ നടത്തുന്നത് അവന്‍റെ ഹോബി ആണ്... എന്നൊക്കെ അവന്‍ പറയുമെങ്കിലും സത്യം അതല്ല.. അവന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ലോകത്തിലെ എല്ലാ ഷോപ്പിംഗ്‌ കോമ്പ്ലക്സുകളിലും കാല് കുത്തുക എന്നത്.. 

അങ്ങനെ ഞങ്ങള്‍ സ്ഥലം തപ്പി പുറപ്പെട്ടു.. പോകുന്നതിനു മുമ്പ് അംബിയും ലോഡ്ജു നടത്തിപ്പുകാരനും തമ്മില്‍ എന്തൊക്കെയോ സംസാരിക്കുണ്ടായിരുന്നു.. അതും ഹിന്ദിയില്‍.. ഒടുക്കം അവന്‍ എന്റടുത്തു വന്നു.. 

ഞാന്‍: "ഡേ അടുത്ത് തന്നെ?? "

അംബി: " വളരെ അടുത്താന്നു തോന്നുന്നു.. അങ്ങേരു പറഞ്ഞു.. നേരെ പോകണം.. ഡെഡ് ഏന്‍ഡ് എത്തുമ്പോ ലെഫ്റ്റ്... അവിടുന്ന് നേരെ പോകണം.. ഡെഡ് ഏന്‍ഡ് എത്തുമ്പോ റൈറ്റ്.. ഫസ്റ്റ് സിഗ്നലീന്നു ലെഫ്റ്റ്.. റൈറ്റ് സൈഡില്‍ ആണ് സംഭവം.. "

ഞാന്‍: "ഡേ എട്ടരക്ക് മുമ്പ് തിരിച്ചെത്തണം.. മറ്റേ ഹിന്ദിക്കാരന്മാര്‍ കളി തുടങ്ങും.. ഇന്നെങ്കിലും നിന്‍റെ ചെവീന്നാ കുണ്ക്കെറക്കണം .. "

അംബി: "അതെന്തു? നിന്‍റെ ഇറക്കണ്ടേ.."

ഞാന്‍: "എന്‍റെ രണ്ടു ചെവീലും ഇല്ലേ?? സമയം എടുക്കും.. വേണേല്‍ ഒന്ന് തരാം.. നിന്‍റെ ചെവി ഫ്രീ ആണല്ലോ.. "

അംബി: "തനിയെ അങ്ങ് വെചോണ്ടാ മതി.. കിങ്ങും ജാക്കും തിരിച്ചറിഞ്ഞൂടാത്ത കെഴങ്ങന്‍..  നീ കാരണമാ എന്‍റെ ചെവീലും കേറിയത്‌.. "

ഞാന്‍: "എടേ അത് പിടി കിട്ടാത്തോണ്ടാടെ.."

അംബി: "ജാക്ക് ഇട്ടിരുന്നേല്‍ അപ്പൊ പിടി കിട്ടൂലെ.. കളി ജയിക്കേം ചെയ്തേനെ.."

ഞാന്‍: "അതല്ല.. കളി പിടികിട്ടാത്തോണ്ടാണെന്നു... ഞാന്‍ ഇപ്പോഴല്ലേ ഇങ്ങനൊരു കളി ഉണ്ടെന്നറിയുന്നെ.. നീ വാ.. നമുക്ക് നിന്‍റെ കോമ്പ്ലക്സില്‍ പോണ്ടേ.. "

അങ്ങനെ നടന്നു തുടങ്ങി.. അവിടെ എത്താന്‍ ആകെ രണ്ടു വളവേ ഉണ്ടായിരുന്നുള്ളൂ.. പക്ഷെ.. നേരെ ഉള്ള റോഡു മൂന്നു നാല് കിലോമീറ്റര്‍ ഉണ്ടായിരുന്നു.. ഡെഡ് എന്‍ട് തപ്പി നടന്നു നമ്മള്‍ ഡെഡ് ആകാറായി.. അങ്ങനെ അവസാനം ഒന്നര മണിക്കൂര്‍ നടന്നു കഴിഞ്ഞപ്പോ സ്ഥലമെത്തി.. അങ്ങനെ അതിനകത്തൊക്കെ കേറി കണ്ടു സമാധാനം ആയപ്പോള്‍, മറ്റൊരു ഷോപ്പിംഗ്‌ കോമ്പ്ലക്സിലും തന്‍റെ കാല്‍പാട് പതിഞ്ഞ സന്തോഷത്തില്‍ അംബിയും, കുണ്ക്കെറക്കാനുള്ള പദ്ധതികള്‍ മനസ്സിലാലോചിച്ചു ഞാനും മടക്കയാത്ര തുടങ്ങി.. 

പകുതി ദൂരം എത്തിയപ്പോള്‍ അംബി എന്നെ നിര്‍ത്തി.. 

അംബി: "എന്താടാ അത്??? "

ഞാന്‍: "എന്ത്? എവിടെ?? വല്ല പാമ്പും ആണോടെ?? ഓട്ടോ പിടിച്ചു പോയാലോ??"

അംബി: "പാമ്പാ?? എവിടെ??"

ഞാന്‍: "നീയല്ലേ പറഞ്ഞതെന്തോ അനങ്ങണ കണ്ടെന്നു... "

അംബി: "എന്തോന്നനങ്ങി എന്ന്?? ഇങ്ങനൊരു പേടിത്തൂറി ..  പാമ്പോന്നും അല്ലെടെ.. ദോണ്ടേ ആ ഉന്തു വണ്ടീല് മാങ്ങ.."

ഞാന്‍: "ഒറ്റ ഇടി വെച്ച് തന്നാലൊന്‍ടല്ലോ.. പേടിപ്പിച്ചു കളഞ്ഞല്ലോ.."

അംബി: "ഡേ നില്ല്.. നീ ഈ കിളിച്ചുണ്ടന്‍ മാമ്പഴം തിന്നിട്ടൊണ്ടാ??"

ഞാന്‍: "ഇല്ല.. പക്ഷെ കണ്ടിട്ടൊണ്ടു.. "

അംബി: "ഓ.. അതിന്‍റെടേല്‍ അവന്‍റെ  ഒരു ചളു.."

ഞാന്‍: " ചളു അടിച്ചതല്ലെടെ.. ശെരിക്കും.. മാവില്‍ നിക്കുന്ന കണ്ടിട്ടുണ്ട്.. "

അംബി: "ഡേ തിന്നണേല്‍ ഇത് തിന്നണം.. ഹോ തിന്നാല്‍ വീണ്ടും വീണ്ടും തിന്നാന്‍ തോന്നും.. നമുക്ക് കുറച്ചു വാങ്ങിച്ചാലോ?? ഹിന്ദിക്കാരന്‍മാര്‍ക്കും കൊടുക്കാം.. "

ഞാന്‍: "ഡേ വേണോ?? നല്ലതാണോന്നൊന്നും അറിയാതെ.. അങ്ങേരെ കണ്ടാലേ ഒരു ഗുണ്ട ലുക്ക്‌.."

അംബി: "നീ അങ്ങേരെ അല്ലല്ലോ.. മാങ്ങ അല്ലെ തിന്നുന്നത്.. നീ വാ.. നമുക്ക് നോക്കാം.."

ഞങ്ങള്‍ അടുത്ത് ചെന്നു.. ആ മുടുക്കില്‍ അങ്ങനെ ആരും ഇല്ല.. അരണ്ട വെളിച്ചം.. അംബി മാങ്ങ എടുത്തു തിരിച്ചും മറിച്ചും നോക്കാന്‍ തുടങ്ങി.. ഇടയ്ക്കും മുറക്കും "ഹും" "ങേ".. "ഉം. ഹും.." എന്നൊക്കെ ഒച്ചയും ഇടുന്നുണ്ട്.. 

ഞാന്‍ : "ഏതെങ്കിലും എടെടെ... വയറു കത്താന്‍ തുടങ്ങി.."

അംബി: "എടേ.. ഇതൊക്കെ നോക്കി എടുക്കണം.. ഇല്ലേല്‍ വല്ല പുഴുവും വല്ലോം കാണും.. ഭയ്യാ.. യെ കിത്ത് നാ ???  "

അങ്ങേരു കന്നടയില്‍ എന്തൊക്കെയോ ചോദിക്കാന്‍ തുടങ്ങി.. 

അംബി: "എന്തോന്നെടെ അങ്ങേരു ചോദിക്കുന്നെ?? "

ഞാന്‍: "സഞ്ചിയില്‍ കൊണ്ട് പോകോ ചാക്കില്‍ കൊണ്ട് പോകോ എന്നായിരിക്കും.. അമ്മാതിരി നോക്കലല്ലേ നീ നോക്കുന്നെ.. പെട്ടെന്ന് എടുക്കെടെ.. "

അംബി: "ഭയ്യാ.. കിത്ത് നാ?? എവ്വളവ്?? "

അങ്ങേരു : "ഒറ് കിലോ നൂര്‍... "

അംബി: "ഹും.... നൂറിനുള്ളതൊന്നും ഇല്ല.. ഒരു ഫിഫ്ടി തരാം... "

അങ്ങേരു അവനെയൊന്നു ചെറഞ്ഞിട്ടു.. "നഹിന്‍.. " എന്ന് പറഞ്ഞു.. എന്നിട്ട് തൊണ്ണൂര്‍ എന്നും പറഞ്ഞു.. മാങ്ങ പെറുക്കി ഒരു കവറിലിടാന്‍  തുടങ്ങി.. 

അംബി  : "നിന്‍റെ കയ്യിലുള്ളതെട് .. ഒരു എണ്‍പതിന് ഒറപ്പിക്കാം.. "

ഞാന്‍ പേഴ്സ് എടുത്തു നോക്കി.. ഒരു പത്ത് രൂപ നോട്ട് ഉണ്ട്. പിന്നെ ഒരു രണ്ടു രൂപ കോയിനും.. "ഇന്നാ.." ഞാന്‍ ഉള്ളത് അവന്‍റെ കയ്യില്‍ കൊടുത്തു.. അംബി എന്നെ തന്നെ നോക്കി നിന്നു... അവന്‍ അവന്‍റെ പേഴ്സ് എന്റേല്‍ തന്നു.. അതിലും കാശുണ്ട്.. കൃത്യം പന്ത്രണ്ടു... എന്ത് ചെയ്യും എന്നാലോചിച്ചു ഞങ്ങള്‍ നില്‍പ്പ് തുടര്‍ന്നു.. അങ്ങേരാണേല്‍ മാങ്ങ മുഴുവന്‍ കവറില്‍ ഇട്ടു കാശും നോക്കി നില്‍പ്പും.. അവസാനം അംബി വാ തുറന്നു... 

അംബി: "ഭയ്യാ.. യെ ടു ഫിഫ്ടി ഗ്രാംസ് കേലിയെ കിത്ന മാങ്കോ മിലേഗ? "

അങ്ങേര്‍ കയ്യിലിരുന്ന കവര്‍ താഴെ ഇട്ടു.. നൂറു മീറ്റര്‍ ഓട്ടത്തിന് വെടി പൊട്ടിച്ചത് പോലെ ഞങ്ങള്‍ ഓട്ടം തുടങ്ങി.. പുറകില്‍ "പൂ.." എന്നോ.. "മ.." എന്നോ.. എന്തെല്ലാമോ അങ്ങേരു വിളിച്ചു പറയുന്നുണ്ടായിരുന്നു... 

അംബി: "അങ്ങേരോടൊന്നു ഒന്ന് ശെരിക്കും വില പേശിയിരുന്നേല്‍ ഇരുപത്തിനാല് രൂപയ്ക്കു അരക്കിലോ മാങ്ങ കിട്ടിയേനെ.. "

അങ്ങേര്‍ വിളിച്ചതെന്തെല്ലാം എന്ന് ഞാന്‍ അംബിയെ ഒന്ന് കൂടി ഓര്‍മിപ്പിച്ചു..