Tuesday, April 27, 2010

അടുത്ത ബുധനാഴ്ച ...

ഞാന്‍ കഴിഞ്ഞ കഥയില്‍ പറഞ്ഞിരുന്നല്ലോ.. മിനി പ്രൊജക്റ്റ്‌ സീസണ്‍ കഥകളുടെ ഒരു കലവറ തന്നെയായിരുന്നു.. ഇപ്പോള്‍ ഞാന്‍ പറയാന്‍ പോകുന്നത് എനിക്കും എന്‍റെ സുഹൃത്തുക്കളായ സാഗര്‍ , ടോമി , അരുണ്‍ എന്നിവര്‍ക്കും സംഭവിച്ച ചില അനുഭവങ്ങള്‍ ആണ്..


മിനി പ്രൊജക്റ്റ്‌ എന്നാല്‍ സ്വയം ചെയ്തു സമര്‍പ്പിക്കേണ്ടതാണെങ്കിലും ഞങ്ങള്‍ എല്ലാവരും അത് Zoom എന്ന ഒരു സെന്‍ററില്‍ കൊടുത്താണ് ചെയ്യിച്ചത്.. ഒരു ഫെബ്രുവരി ആയപ്പോള്‍ എല്ലാരും പ്രൊജക്റ്റ്‌ -ഇനുള്ള വിഷയം തിരഞ്ഞെടുക്കാനുള്ള ഓട്ടപ്പാചിലിലായി.. 


അങ്ങനെ ഇരിക്കുമ്പോള്‍ ഒരു പെങ്കൊച്ചു ക്ലാസ്സില്‍ കൊണ്ട് വന്ന ഒരു ബുക്കില്‍ നിന്നും ഞങ്ങള്‍ ഒരെണ്ണം  പൊക്കി.. ഹൈലി പോര്‍ട്ടബിള്‍ ആന്‍ഡ്‌ എഫിശ്യന്റ്, ഫ്രെക്വന്‍സി ആന്‍ഡ്‌ കാപസിടന്‍സ് മീറ്റര്‍.. നല്ല ഗുണ്ട് പേര്.. ഞങ്ങള്‍ക്കിഷ്ടപെട്ടു.. സംഭവം എളുപ്പമാണ്.. 

ഇതും പൊക്കി അടുത്ത ദിവസം തന്നെ സൂം സാറിനെ കാണാന്‍ പോയി.. പുള്ളിക്കാരന്‍ സര്‍ക്യുട്ടെടുത്തു തിരിച്ചും മറിച്ചും നോക്കി... "കൊള്ളാം.. ഇത്  സിമ്പിള്‍ ആണ്.. ഇന്ന് ബുധന്‍.. നാളെ ഞാന്‍ ബോര്‍ഡ്‌ ചെയ്യാന്‍ കൊടുക്കും.. വെള്ളിയായ്ച്ച ബോര്‍ഡ്‌ റെഡി.. പിന്നെ നിങ്ങള്ക്ക് വേണമെങ്കില്‍ ഞാന്‍ ഒരു സാമ്പിള്‍ സര്‍ക്യുട്ടു ചെയ്തു നോക്കി , ചെറിയ വ്യത്യാസമോക്കെ വരുത്തി റെഡി ആക്കി.. ഒരു രണ്ടു ദിവസം.. അപ്പൊ അടുത്ത ബുധനായ്ച്ച സംഭവം റെഡി... പോരെ?"

ഞങ്ങള്‍ വണ്ടര്‍ അടിച്ചു പരസ്പരം നോക്കി.. ഫെബ്രുവരി ആയതേ ഉള്ളൂ.. സംഭവം ഒരായ്ച്ചക്കകം റെഡി.. ടെസ്റ്റ്‌ ഒക്കെ ചെയ്തു.. കുട്ടപ്പനാക്കണം.. ഞങ്ങള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.. "ശരി സര്‍ ര്‍ ര്‍ ..... "..

"അപ്പൊ ഞങ്ങളെന്നു വരണം? "

"അടുത്ത ബുധനായ്ച്ച വന്നോളൂ.. സംഭവം തന്നു വിടാം.. കാശ് ഇചിരിയാകും.. "
 ഞങ്ങള്‍ നാല് പേരുണ്ടായിരുന്നു.. " അത് കുഴപ്പമില്ല സര്‍.."

....

അടുത്ത ബുധനാഴ്ച.. 

"സര്‍ ഞങ്ങടെ പ്രൊജക്റ്റ്‌.."
"എന്താ നിങ്ങടെ പ്രൊജക്റ്റ്‌? "
" ങേ?? അത് സര്‍.. ഹൈലി ... മീറ്റര്‍..."
"ദാ .. ഇതില്‍ നിന്നും സംഭവം കണ്ടു പിടിക്കൂ.. "
"സര്‍ ഇത് ആയില്ലേ?? "


"ആ.. ഞാന്‍ ബോര്‍ഡ്‌ കൊടുത്തു... ഇന്ന് ബുധന്‍.. സംഭവം ഒരു രണ്ടും രണ്ടും നാല്.. ഉം ... അടുത്ത ബുധനാഴ്ച  ശേരിയാകും.. നിങ്ങള്ക്ക് സമയം ഉണ്ടല്ലോ.."


"ശരി സര്‍... അടുത്ത ബുധനാഴ്ച ആകുമല്ലോ അല്ലെ??"


"പിന്നേ ....."


...


 അങ്ങനെ കുറെ ബുധനാഴച്ചകള്‍ കഴിഞ്ഞു.. ഒരു ബുധനാഴ്ച...


"സര്‍ .. ഞങ്ങടെ പ്രൊജക്റ്റ്‌.. "


"ഒരു സന്തോഷ വാര്‍ത്തയുണ്ട്.. നിങ്ങടെ പ്രൊജക്റ്റ്‌ തീരാറായിരിക്കുന്നു... "


"അപ്പൊ ഇനിയും തീര്‍ന്നില്ലേ?? "


"ഇപ്പൊ തീരും... ഇന്ന് ബുധന്‍.. രണ്ടും ര ..."


"മതി.. മതി.. കൊറേ രണ്ടായല്ലോ.. ഇത് ഈ ഇടക്കെങ്ങാനും തീരോ?? മാസം മൂന്നായി ഇവിടെ കേറി ഇറങ്ങി നടക്കാന്‍ തുടങ്ങീട്ടു.. എപ്പോ ചോദിച്ചാലും തുടങ്ങും.. ഇങ്ങടെ ഒരു ഇന്ന് ബുധന്‍.. രണ്ടും രണ്ടും..  എന്നെ കൊണ്ട് പറയിക്കരുത്‌... " എന്നൊക്കെ പറയണം എന്നുണ്ടായിരുന്നു.. പക്ഷെ പെട്ടി അങ്ങേരുടെ കൈയില്‍ ആയിരുന്നത് കൊണ്ട്.. മുഖം ചുളുക്കി എല്ലാം കേട്ടു കൊണ്ട് നിന്നു..  


എന്നാല്‍ സംഭവം ഇനിയും വിട്ടാല്‍ വഷളാകുമെന്നു ഞങ്ങടെ മുഖഭാവത്തില്‍ നിന്നും അങ്ങേര്‍ക്കു മനസ്സിലായെന്നു തോന്നുന്നു.. അടുത്ത ബുധനാഴ്ച സംഭവം കിട്ടി...


പട്ടാളക്കാരന്‍ ലീവിന് വരുമ്പോ കൊണ്ടുവരും പോലെ ഉള്ള ഒരു ഗമണ്ടന്‍ പെട്ടി... ടെസ്റ്റ്‌ ചെയ്തു നോക്കുമ്പോ.. റെസിസ്റ്റാന്‍സ് ഒഴിച്ച് വേറൊന്നും ഇത് കാണിക്കില്ല.. 


പെട്ടിയും കൊണ്ട് അങ്ങേരോട് ഞങ്ങള്‍ പോയി ചോദിച്ചു.. "സര്‍ .. ഇതെന്താ.. ഇത് ഒന്നും കാണിക്കുന്നില്ലല്ലോ.. റെസിസ്റ്റന്‍സ് മാത്രേ കാണിക്കുന്നുള്ളല്ലോ .."..


"ഓഹോ.. റെസിസ്റ്റന്‍സ് കാണിക്കുന്നുണ്ടോ? ഇന്നലെ ഞാന്‍ നോക്കിയപ്പോ അതും ഇല്ലായിരുന്നു.. നിങ്ങള്‍ ഭാഗ്യവാന്മാരാ.. നാലായിരം രൂപ .."


പ്രാകാവുന്നത്രേം പ്രാകി.. കാശും കൊടുത്തു.. ഞങ്ങള്‍ പടിയിറങ്ങി..


....
മിനി പ്രൊജക്റ്റ്‌ എക്സാം.. 


എക്സ്: എന്താടോ ഇത്?? വീട് വിട്ടു പെട്ടിയുമായി ഇറങ്ങിയോ? 
ഞങ്ങള്‍: അല്ല സര്‍ ഇത് പ്രൊജക്റ്റ്‌- ഇന്‍റെ പെട്ടിയാണ് .. 
എക്സ്: എന്താ ഇത്? 
ഞങ്ങള്‍: ഹൈലി പോര്‍ട്ടബിള്‍ ആന്‍ഡ്‌ എഫിഷ്യന്റ് കാപസിട്ടന്‍സ് ആന്‍ഡ്‌ ഫ്രിക്വന്‍സി  മീറ്റര്‍.. 
എക്സ്: പേരിനേക്കാള്‍ വലിയ മീറ്റര്‍ ആണല്ലോടെ ഇത്.. ഫ്രിക്വന്‍സി  കാണിക്കൂ.. 

ഞങ്ങള്‍: അത് സര്‍.. ഇത്രേം നേരം കാണിച്ചിരുന്നു.. ദാ ഇപ്പൊ എന്ത് പറ്റി എന്നറിയില്ല.. കാണിക്കുന്നില്ല.. 

എക്സ്: ങേ? അതെങ്ങനെ ശരിയാകും? എന്നാല്‍, കാപസിട്ടന്‍സ് കാണിക്കു.. 


ഞങ്ങള്‍: രണ്ടു നോബ് ഒക്കെ പിടിച്ചു തിരിച്ചിട്ട്.. "ശെടാ.. ഇതെന്തു പറ്റി.. രണ്ടു മിനിട്ട് മുമ്പേ കാണിച്ചതല്ലേ.. അല്ലേടാ?? ദേ.. അതും കാണുന്നില്ല.. ഇതെവിടെ പോയി? "


സര്‍: "ഇത് എന്തെങ്ങിലും പണ്ടാരം കാണിക്കോ??"


ഞങ്ങള്‍: നോക്കട്ടെ.. ഒരു സെക്കന്റ്‌.. സര്‍.. കിട്ടിപ്പോയി... റെസിസ്റ്റന്‍സ് കാണിക്കുന്നുണ്ട്.. ദേ നോക്കിയേ.. കറ കറക്റ്റ്... അല്ലേടാ സാഗറേ? .. നോക്കെടാ ടോമി.. കട്ട ഡിസ്പ്ലേ.. 
സര്‍: എന്തോന്നാടെ ഇതിന്റെ പേര്? ഹൈലി പോര്‍ട്ടബിളോ? ദാ ഇതെന്തുവാ എന്നറിയോ?? 


ഞങ്ങള്‍: ഉം.. അറിയാം..


എക്സ്: എന്താ?? 


ഞങ്ങള്‍: മള്‍ട്ടിമീറ്റര്‍.. 

എക്സ്: ഇതെന്തോക്കെ കാണിക്കും എന്നറിയോ? 


ഞങ്ങള്‍: അറിയാം.. റെസിസ്റ്റന്‍സ് , വോള്‍ട്ടേജ്, കറന്റ്‌.. ഒക്കെ കാണിക്കും..

എക്സ്: നിന്റെയൊക്കെ പെട്ടി ഇതിന്റെ പത്തിരട്ടി ഉണ്ട്.. എന്നിട്ടാകെ റെസിസ്റ്റന്‍സ് മാത്രേ കാണിക്കൂ.. ഇതിനു എങ്ങനെ മാര്‍ക്ക് തരും?? 

ഞങ്ങള്‍: സര്‍.. കാപസിട്ടന്സും , ഫ്രിക്വന്‍സിയും ഉണ്ട് സര്‍.. അത്. ഇപ്പൊ എന്തോ പറ്റിയതാ.. സത്യം.. ഞങ്ങള്‍ ഇന്റെര്‍ണല്‍ ടീച്ചറേ കാണിച്ചതാ..  


ഭാഗ്യത്തിന് ടീച്ചറെ അറിയാമായിരുന്നു.. ടീച്ചര്‍ ഞങ്ങള്‍ പറഞ്ഞത് സത്യമാണെന്ന് സമ്മതിച്ചു...
എക്സ്: ശെരി.. പക്ഷെ ഇത് ശരിയാക്കണമല്ലോ.. എപ്പോ ശരിയാക്കും?? എന്നിട്ട് ടീച്ചറെ കാണിച്ചാ മതി.. ഞാന്‍ വിളിച്ചു ചോദിക്കും.. 

ഞങ്ങള്‍: അത്... സര്‍.. ഇന്ന് ബുധന്‍.. രണ്ടും രണ്ടും നാല്.. ഉം.. അടുത്ത ബുധനാകുമ്പോ ശേരിയാകും.. 


എക്സ്: ഹും.. ശെരി.. ടീച്ചറെ... നോക്കീട്ടെന്നെ അറിയിക്കണം.. കേട്ടോ? 


ടീച്ചര്‍: ശെരി സാറേ.. 


ഞങ്ങടെ ഭാഗ്യം വിശ്വസിക്കാന്‍ വയ്യാതെ ഞങ്ങള്‍ പുറത്തിറങ്ങി ഒരോട്ടം വെച്ച് കൊടുത്തു..




അവന്‍റെ ഒരു മാന്യത.. !!!

ഇങ്ങനെ ദേഷ്യത്തോടെ പറയുന്ന അവസരങ്ങള്‍ വളരെ ചുരുക്കമാണ്.. എന്നാല്‍ എപ്പോയെങ്കിലുമൊക്കെ ഒരിക്കല്‍ നിങ്ങളും ഇത് പറഞ്ഞിരിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു... അതിപ്പോ എന്തായാലും , ഞാന്‍ ഇത് പറഞ്ഞിട്ടുണ്ട്.. 

സംഭവം നടന്നത് കോളേജില്‍ പ്ലേസ്മെന്‍റ് നടക്കുമ്പോളാണ്.. ഇരുന്ന രണ്ടു ഇന്‍റര്‍വ്യൂവും അടിച്ചു കിട്ടിയ വിഷമത്തിലാണ് ഞാന്‍ ഡെല്‍ഫി എന്ന കമ്പനിയുടെ പരീക്ഷക്കിരുന്നത്.. എഴുത്ത് പരീക്ഷ കടന്നു കിട്ടിയപ്പോഴാണ് അറിഞ്ഞത്.. ഇതിനു ജി ഡി എന്നൊരു കുന്ത്രാണ്ടം കൂടെ ഉണ്ടെന്നു.. 

"പെട്ട് പോയല്ലോ ഭഗവാനെ" എന്ന് കരുതി ഇരുന്നപ്പോലാണ് എന്‍റെ സുഹൃത്ത്‌ അശോകും പിന്നെ അപ്പുറത്തെ ക്ലാസ്സിലെ സുബിത്തും കൂടെ എന്‍റെ അടുത്തെത്തിയത്.. എന്‍റെ പേടി കണ്ടു അവന്മാര്‍ പറഞ്ഞു.. 


"അളിയാ പേടിക്കണ്ട.. ഇത് വെറും ജി ഡി അല്ലെ?."

"വെറും ജി ഡി യാ?? ഇത് പണ്ടാരം ജി ഡി യാടെ.." 

"ശെടാ... പേടിക്കന്ടെടാ.."

"ഇല്ലെടെ.. ഞാന്‍ ഇരിക്കുന്നില്ല.. ഞാന്‍ തിരിച്ചു പോകുവാ.. ഇത് ശേരിയാകൂലാ.."

"അളിയാ.. നീ ചുമ്മാ പങ്കെടുക്കു.. സംസാരിക്കാന്‍ വയ്യെങ്കില്‍ മിണ്ടാതിരിക്ക്‌ .. ഇനി സംസാരിക്കാന്‍ പറ്റിയാല്‍ നല്ലത്.. ഇല്ലെങ്കില്‍ വേണ്ടാ.. അത്രയല്ലേ ഉള്ളൂ.. "

എനിക്കും തോന്നി.. "ശെരിയാ... മിണ്ടാതിരിക്കാം..പുറത്താക്കുന്നേല്‍ പുറത്താക്കട്ടെ .. അത്രയല്ലേ ഉള്ളൂ..."

.....

അങ്ങനെ ജി ഡി തുടങ്ങി.. ഒരു വലിയ മേശ.. നീളത്തില്‍ ഉള്ളത്.. പണ്ടാരം അടങ്ങാന്‍ എനിക്കാണേല്‍ നടുക്കത്തെ കസേരയാണ് കിട്ടിയത്.. ഒരു വശത്ത് അഞ്ചു പേര്‍.. മറ്റേ വശത്ത് അഞ്ചു പേര്‍.. അറ്റത്തെ ഒരു കസേരയില്‍ ഞാന്‍ .. നേരേ എതിരെ ഈ പരിപാടി നടത്തുന്ന ഡെല്‍ഫിയിലെ ഭയങ്കരന്‍മാര്‍... എന്‍റെ പാതി ജീവന്‍ പോയി... 

സംഭവം തുടങ്ങി.. കമ്പ്യൂട്ടര്‍ സയന്‍സിലെ കൊറേ പുലികള്‍ ഘോര ഘോരം പ്രസംഗം തുടങ്ങി.. എനിക്കൊരു പിണ്ണാക്കും മനസ്സിലായില്ല.. ആംഗലേയ ഭാഷയിലെ പരിജ്ഞാനക്കുറവും  കൂടെയായപ്പോ.. കഥയറിയാതെ  ആട്ടം കാണുന്ന അവസ്ഥ..  

നാല് വര്‍ഷം കോര്‍ എന്‍ജിനീറിംഗ് പഠിച്ചിട്ടു ഐ റ്റി മേഘലയിലേക്ക് പോകുന്നതിന്‍റെ ഔചിത്യത്തെ പറ്റിയായിരുന്നു ജി ഡി.. ഒറ്റ വാക്കില്‍  "ശുദ്ധ മണ്ടത്തരം  " എന്ന് പറഞ്ഞു നിര്‍ത്തേണ്ട സംഭവം.. ചിലവന്മാര്‍ രാഷ്ട്രീയക്കാരെ വെല്ലുന്ന പാടവത്തോടെ "മൈ ഡിയര്‍ ഫ്രണ്ട്സ്...  ".."സീ ദി പോയിണ്ട്".. "ഇന്‍ ദീസ് ഡെയ്സ് ഓഫ് ഡിജനറേറ്റിംഗ് ".. എന്നൊക്കെ വെച്ച് കാച്ചുന്നു..

ഞാന്‍ ഉറങ്ങണോ വേണ്ടയോ എന്നാലോചിച്ചിരിക്കുന്നു.. അപ്പോഴാണ്‌ എന്‍റെ മണ്ടേല് അമിട്ട് പൊട്ടിച്ച പോലെ ഒരുത്തന്‍ എന്നെ ചൂണ്ടി ഒരു ഡയലോഗ് അടിച്ചത്.. "ലെറ്റ്‌ ഹിം സെ സംതിംഗ് എബൌട്ട്‌ ഇറ്റ്‌ ".. ഞെട്ടി നോക്കുമ്പോ സുബിത്താണ് ഈ ഡയലോഗിന്‍റെ ഉപജ്ഞാതാവ്... 

"ഐ.. ഐ മീന്‍.. ഫോര്‍ ഇയര്‍സ് .. എന്‍ജിനീറിംഗ്... കമ്പ്യൂട്ടര്‍.. ബാഡ്.. വെരി ബാഡ്.. ഷെയിം ഷെയിം.. " എന്നൊക്കെ എന്തോ പറഞ്ഞ എന്നെ , പുച്ചം എന്നങ്ങു തീര്‍ത്തു പറഞ്ഞൂട.. പക്ഷെ. ഒരു ഇഷ്ടമില്ലായ്മ .. നിറഞ്ഞ നോട്ടത്തോടെ എല്ലാരും നോക്കി.. ഞാന്‍ നിര്‍ത്തി... 


പുറത്തിറങ്ങീട്ട് ലവനോട് ഞാന്‍ ചോദിച്ചു.. "എന്തിനാടാ എന്നോട് ഈ ചതി ചെയ്തേ.. ഇതിനുംമാത്രം ഞാന്‍ എന്ത് തെറ്റാ നിന്നോട് ചെയ്തേ?" .. ഇത്രേം പറഞ്ഞു ഞാന്‍ നടന്നു..

അവന്‍ വിളിച്ചു പറഞ്ഞു.... "അതല്ലളിയാ.. നിനക്കവസരം കിട്ടാതെ മിണ്ടാതിരിക്കുന്നത് കണ്ടപ്പോ.. ഒരു മാന്യതെടെ പുറത്തു അങ്ങനെ പറഞ്ഞതാ..."

"അവന്‍റെ ഒരു മാന്യത.. !!!"
 

Monday, April 26, 2010

ബെന്‍സുവിന് ഇഷ്ടമാണോ അല്ലയോ?

തമാശ ആസ്വദിക്കാന്‍ അറിയാത്ത ആരും ദയവായി ഇത് വായിക്കരുത്..  നമ്മുടെ കഥാനായകനെ ബെന്‍സു എന്ന് വിളിക്കാം.. പുള്ളിക്കാരനെ വര്‍ണിക്കുകയാണെങ്കില്‍ , അദ്ദേഹത്തിന് ഒരു എട്ടടി നീളം ..അല്ല പൊക്കം.. ഈര്‍ക്കില്‍ പോലത്തെ ശരീരം.. കട്ടിതാടി .. ജുബ്ബ.. ആരെടാ ഇവന്‍ എന്ന് നിങ്ങള്‍ വണ്ടര്‍ അടിച്ചോ? എനിക്കത്രേം മതി.. 


ശരിക്കും ഇതിനു ബെന്‍സുവിനു ഇഷ്ടം ആണോ? അതോ പെണ്ണോ? എന്നിടാന്‍ ഉദ്ദേശിച്ചതാ.. പിന്നെ സസ്പെന്‍സ് പോളിക്കണ്ടല്ലോ എന്ന് കരുതി ഇങ്ങനിട്ടു...


ഇത് ആര് തുടങ്ങിയതാണെന്നോ , എങ്ങനെ തുടങ്ങിയതാണെന്നോ എനിക്കറിയില്ല.. പക്ഷെ പൊതുവേ സുഹൃത്തുക്കളുടെ ഇടയില്‍ ഒരു ശ്രുതിയുണ്ടായിരുന്നു , ബെന്‍സുവിനു പെണ്ണുങ്ങളേക്കാള്‍  പ്രിയം ആണുങ്ങളോടാണെന്നു.. അങ്ങനെ ഒരു ദിവസം ഞങ്ങളൊരു പണി പറ്റിച്ചു... ബെന്‍സു കുക്കുവിനെ മുത്തം വെക്കുന്ന ഒരു പടമെടുത്തു മെയിലിലിട്ടു എല്ലാര്‍ക്കും അയച്ചു.. കൂട്ടത്തില്‍ ഞങ്ങടെ വക ഒരു വര്‍ണനയും .. 


ഇത് കിട്ടിയപാടെ ബെന്‍സു ഞങ്ങളെ വിളിച്ചു.. 
ബെന്‍ : ഡാ കോപ്പന്‍മാരേ .. എന്‍റെ ജീവിതം വെച്ചാണോടെ നിന്‍റെയൊക്കെ കളി? ഇനിയെനിക്കൊരു പെണ്ണ്.. ഒരു ജീവിതം.. ഇതൊക്കെ വെറും സ്വപ്നം മാത്രമായില്ലേ.. തകര്‍ത്തില്ലെടാ എല്ലാം..

ഞങ്ങള്‍: അളിയാ.. നീ ചൂടാകാതെ.. ഞങ്ങള്‍ വെറും തമാശക്കയച്ചതല്ലേ.. നിന്നെ ഞങ്ങള്‍ക്കറിയില്ലേ.. നിനക്കിത്രേം സങ്കടമാകുമെന്നു ഞങ്ങള്‍ അറിഞ്ഞില്ലെടാ... നാലാള്‍ അറിയുമ്പോള്‍ ഉള്ള ഞങ്ങടെ സന്തോഷം.. അല്ല.. നിന്‍റെ സങ്കടം ഇത്ര വലുതായിരിക്കുമെന്ന് ഞങ്ങള്‍ അറിഞ്ഞില്ലെടാ.. നീ ഷെമി.. 

ബെന്‍ : ഇതാണോടെ തമാശ.. ഒരാളുടെ ജീവിതം വെച്ച് കളിക്കാന്‍ ആരാടെ നിങ്ങള്ക്ക് അനുവാദം തന്നത്... എന്‍റെ ചങ്കാടാ തകര്‍ന്നത്.. വേണ്ട.. ഇനി നമ്മള്‍ തമ്മില്‍ ഒരു ബന്ധോം ഇല്ല.. 


ഞങ്ങള്‍: അതിനു നമ്മള്‍ തമ്മിലെന്തെരു ബന്ധം?? 


ബെന്‍ : ടാ.. കോപ്പേ.. സുഹൃത്ത് ബന്ധം.. 


ഞങ്ങള്‍: ബെന്‍സൂ.. ഊ...ഊ...ഊ..ഊ....ഊ.. ഞങ്ങളോട് ഇത് വേണോടാ??  


ബെന്‍ : വേണം


ഞങ്ങള്‍: എടാ..പിണക്കം വേണ്ട.. ഒരു കാര്യം ചെയ്യ്.. നീ ഇന്ന് ഇങ്ങു വാ.. നമുക്ക് ഇരുപത്തെട്ടു  കളിക്കാം.. പിന്നെ ഐ പി കര്‍വ് കളിക്കാം.. നീ വാ..


ബെന്‍ : അയ്യോ .. അളിയാ വരാമായിരുന്നു.. പക്ഷെ.. ഇവിടെ ഷാനു ഒറ്റയ്ക്കേ ഉള്ളൂ.. അപ്പൊ പിന്നെ ഞാന്‍ എങ്ങനെ വരും..??

അപ്പുറത്തെ അറ്റത് നിന്നും ഞങ്ങടെ ചിരി ഒച്ചത്തില്‍ കേട്ടപ്പോളാണ് ബെന്‍സുവിനു താന്‍ പറഞ്ഞതിലെ അബദ്ധം മനസ്സിലായത്‌.. 


ടക്ക് .. അവന്‍ ഫോണ്‍ കട്ട്‌ ചെയ്തു..